
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സൈയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് ജില്ല സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. യുഎപിഎ ഉൾപ്പെടെ ചുമത്തിയ സാഹചര്യത്തിൽ ജാമ്യമനുവദിക്കാനുളള സാധ്യതയില്ല. എൻഐഎ ഇന്നുതന്നെ കോടതിയിൽ റിപ്പോർട്ട് നൽകി ഷാരൂഖിനെ ഏറ്റെടുക്കാനുളള നടപടികൾക്കും തുടക്കമിടും. പൊലീസ് കസ്റ്റഡി കാലാവധി പൂർത്തിയായതിനാൽ ഷാരൂഖിനെ ജയിലിലേക്ക് മാറ്റി. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് ഷാരൂഖ് ഉളളത്. ഈ മാസം 20 വരെയാണ് റിമാൻഡ് കാലാവധി.
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തു. ഇത് സംബന്ധിച്ച് നേരത്തേ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇയാളുടെ കസ്റ്റഡി പൊലീസ് ആവശ്യപ്പെട്ടിരുന്നില്ല. കേസന്വേഷണം എൻഐഎ ഏറ്റെടുത്ത സാഹചര്യത്തിൽ ഇനി ഇതുവരെയുള്ള കണ്ടെത്തലുകളെല്ലാം എൻഐഎ സംഘത്തിന് കേരളാ പൊലീസ് കൈമാറും. കേസിന്റെ തീവ്രവാദ സ്വഭാവവും ഗൂഢാലോചനയുമാകും എൻ ഐ എ പരിശോധിക്കുക. കേസ് ഏറ്റെടുക്കാൻ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം വിജ്ഞാപനം ഇറക്കിയതിന് പിന്നാലെയാണ് നടപടി. എൻഐഎ കൊച്ചി യൂണിറ്റ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇത് കൊച്ചിയിലെ എൻഐഎ കോടതിയിൽ സമർപ്പിച്ചു. യു എ പി എ അടക്കമുളള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസിൽ വലിയ ദുരൂഹത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പ്രതി ഒറ്റയ്ക്കാണോ കൃത്യം നടത്തിയതെന്നാണ് പ്രധാന ചോദ്യം. കേസന്വേഷണത്തിന്റെ തുടക്കം മുതൽ എൻഐഎ സംഘം ഇതിൽ സഹായിക്കുന്നുണ്ടായിരുന്നു. ഷഹീൻബാഗ് മുതൽ കേരളം വരെ നീളുന്ന ഒട്ടേറെ കണ്ണികൾ ഇതിലുണ്ടോയെന്ന് ദേശീയ അന്വേഷണ ഏജൻസി സംശയിക്കുന്നുണ്ട്. ഇതുമായെല്ലാം ബന്ധപ്പെട്ട അന്വേഷണം നടക്കും.
Train fire attack case Shahrukh Saifi's bail plea will be considered today

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Kozhikode train fire