
വടകര:തിക്കോടി, പയ്യോളി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പാത നവീകരണത്തിനായി സൂക്ഷിച്ച റെയിൽ പാളവും അനുബന്ധ ഉപകരണങ്ങളും മോഷണം നടത്തിയ 7 അതിഥിത്തൊഴിലാളികളെ ആർപിഎഫ് അറസ്റ്റ് ചെയ്തു. പയ്യോളി റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് ആക്രി കച്ചവടം നടത്തുന്നു എന്ന വ്യാജേന സൂക്ഷിച്ച മുതലുകൾ കണ്ടെടുത്തു. ബംഗാൾ സ്വദേശികളായ മായനുൽ ഹഖ് (27), ജഹാംഗീർ (28), ഷൈക്ക് സൈനുൽ (34), ജാനെ ആലംഖാൻ (40), മാജാം അലി (19), ഷൈക്ക് ആലംഗീർ (39) എന്നിവരെ ബീച്ച് റോഡിലെ വീട്ടിൽ നിന്നും അസം സ്വദേശി സാബുർ അലിയെ (37 ) പെരുമാൾ പുരം ഹരീഷ് റോഡിലെ വീട്ടിൽ നിന്നുമാണ് ആർപിഎഫ് ഇൻസ്പെക്ടർ ഉപേന്ദ്രകുമാർ, എസ്ഐ: ഷിനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
റെയിൽവേ മുതലുകൾ മോഷണം നടത്തി സൂക്ഷിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. ഇത്രയധികം റെയിൽവേ വസ്തുക്കൾ മോഷണം പോകുന്നത് ആദ്യമാണെന്ന് ആർപിഎഫ് പറഞ്ഞു. കോഴിക്കോട് സിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എഎസ്ഐ നന്ദഗോപാൽ, ഹെഡ് കോൺസ്റ്റബിൾ എ.കെ.ഷമീർ, കോൺസ്റ്റബിൾമാരായ എം.കെ.പ്രകാശ്, അഖ്ദുൽ റിയാസ്, സജിത്, സജി ജോയ്, ബൽറാം എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Theft of railway goods: 7 arrested

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.